കൊട്ടാരം കാണാം, ഉല്ലസിക്കാം
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം.സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ് കൃഷ്ണപുരം കൊട്ടാരം.പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ കൊട്ടാരം,കായംകുളം രാജാക്കന്മാരുടെ രാജഗേഹമായിരുന്നു.രാമയ്യൻ ദളവയുടെ കാലത്ത് പണികഴിപ്പിക്കുകയും അയ്യപ്പൻ മാർത്താണ്ഡപ്പിള്ള നവീകരിച്ച് വിപുലമാക്കുകയും ചെയ്ത കൊട്ടാരം എന്നാണ് ചരിത്രരേഖ.കേരളത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലുപ്പമേറിയ ചുവർചിത്രമായ ‘ഗജേന്ദ്രമോക്ഷം’ഈ കൊട്ടാരത്തിലാണ്.തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് എന്നു തന്നെ പറയാവുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.പുറത്തെ ചുറ്റുമതിൽ കടന്ന് ഉള്ളിലേക്കെത്തിയാൽ മനോഹരമായ ഒരു ഉദ്യാനം കാണാം.ഈ ഉദ്യാനം നല്ലരീതിയിൽത്തന്നെ പരിപാലിച്ചിട്ടുണ്ട്. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടിലേക്ക് പ്രവേശിക്കാം.കൊട്ടാരത്തിന്റെ പിൻഭാഗത്തായി കൊട്ടാരത്തോടു ചേർന്നു തന്നെ വിശാലമായ ഒരു കുളവും നിർമ്മിച്ചിരിക്കുന്നു.പടിപ്പുര,നടുമുറ്റങ്ങൾ,ചുറ്റുമതിൽ എന്നിവയോടുകൂടി രൂപകല്പനചെയ്തിട്ടുള്ള പതിനാറുകെട്ടാണിത്.പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം 103 km
അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്‍- കായംകുളം 8 km