ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ
സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല കോട്ടയം ജില്ലയിലാണ്.പേര് പോലെ തന്നെ ഇലകള്‍ പൊഴിയാറില്ല എന്നത് തന്നെയാണ് ഇവിടത്തെ പ്രത്യേകത,കാരണം നാല് മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയില്‍ ഒരു മരം പോലുമില്ല.എന്നാല്‍ തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു.സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെ മനോഹരമായ ദൃശ്യങ്ങളാണ് ഇലവീഴാപൂഞ്ചിറ നമുക്ക് നല്‍കുന്നത്.പ്രഭാതങ്ങളിലും സന്ധ്യാനേരത്തും സൂര്യകിരണങ്ങള്‍ ഇലവീഴാപൂഞ്ചിറയ്ക്ക് മീതെ മായിക പ്രഭ ചൊരിയുന്നു.മഴക്കാലത്ത് ശൂന്യതയില്‍ നിന്നെന്ന പോലെ രൂപമെടുക്കുന്ന ഒരു തടാകവും ഈ താഴ്വരയുടെ പ്രത്യേകതയാണ്.പുരാണം എന്തെന്നാൽ,ആരണ്യവാസകാലഘട്ടത്തിനിടയിലെപ്പോഴോ പഞ്ചപാണ്ഡവന്മാരും,അവരുടെ പത്നിയായ പാഞ്ചാലിയും ഈ പുല്‍മേട്ടിലെത്തുകയുണ്ടായി.ആ കാലഘട്ടത്തില്‍ പാഞ്ചാലി ഇവിടെയുള്ള ഒരു ചോലയില്‍ നീരാടിയിരുന്നുവെന്നും,ആ ചോല ഉള്‍പ്പെട്ട പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന്‘ഇലവീഴാപൂഞ്ചിറ’എന്ന പേര്‍ ലഭിച്ചതെന്നും ഐതീഹ്യം!!ഇതിനോടനുബന്ധിച്ച് ഒരു ക്ഷേത്രം കൂടി താഴ്വാരത്തില്‍ കുടികൊള്ളുന്നുണ്ടെന്നും പറയപ്പെടുന്നു.
കാഴ്ചകള്‍
കുന്നിന്മുകളില്‍ നിന്നും മലങ്കര ഡാമും ഒഴികിയെത്തുന്ന അരുവിയും.പിന്നെ വിവിധ ജില്ലകളുടെ ദൂരകാഴ്ച,മഞ്ഞു മൂടിയ താഴ്‌വാരം,മഴക്കാലത്ത് രൂപം കൊള്ളുന്ന തടാകം.അങ്ങനെ പോകുന്നു വര്‍ണ്ണ കാഴ്ചകള്‍,മനോഹരമായ അനുഭവമാണ് ഇലവീഴാപൂഞ്ചിറയിലെ ട്രെക്കിങ്ങ്.
എങ്ങനെ എത്താം
വിമാനത്താവളം- കൊച്ചി
റെയില്‍വേ സ്റ്റേഷന്‍- കോട്ടയം
കോട്ടയം ജില്ലയിലെ പാലയില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് ഇലവീഴാപൂഞചിറ.എന്നാല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് 18 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.