കോത്തഗിരിയിലേക്ക് ഒരു യാത്ര
ദുബായിൽ ജോലിചെയ്തിരുന്ന തൃശൂർക്കാരി സുഹൃത്തിനു ഫ്രാൻസിൽ പുതിയ ജോലി തരപ്പെട്ടപോൾ, പോകുന്നതിനു മുൻപായി കുറച്ചു സമയം ഒരുമിച്ചു ചെലവഴിക്കണം എന്ന് തോന്നി. ആലോചനകൾക്ക് ഒടുവിൽ, ഞങ്ങളുടെ ഗുരു തുല്യനായ രഘു അനന്തനാരായണൻ കോത്തഗിരിയിൽ ഈയിടെ പണിതീർത്ത ഋതംബര ആശ്രമത്തിലേക്കാവാം യാത്ര എന്ന് തീരുമാനിച്ചു.
മെയ് മാസം ഒന്നാം തീയതി വൈകുന്നേരത്തോടെ തൃശൂരിൽ അനിതയുടെ വീട്ടിൽ എത്തി.നിറയെ മരങ്ങളും,ചെടികളും,പഴങ്ങളും പച്ചക്കറികളും,ഫല വൃക്ഷങ്ങളും ഒക്കെയുള്ള പെരിങ്ങാവിലെ ആ തണുപ്പുള്ള വീട്ടിൽ തങ്ങി നല്ല മധുരമൂറുന്ന തേൻവരിക്ക ചക്കപ്പഴവും ഒക്കെ മതിയാവോളം കഴിച്ചു.പിറ്റേന്ന് അതിരാവിലെ നേരത്തെ ബുക്ക് ചെയ്ത KSRTC ബസ്സിൽ യാത്ര ആരംഭിച്ചു.
കോത്തഗിരി വരെ ബസ്സിൽ പോകാം എന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ പ്ലാൻ.പക്ഷെ,അവിടേക്കുള്ള ദൂരവും, യാത്ര മാർഗ്ഗങ്ങളും മറ്റും സുഹൃത്ത് സുബ്രഹ്മണ്യനോട് ചോദിച്ചറിഞ്ഞപ്പോൾ ബസ് യാത്ര ശ്രമകരമായിരിക്കും എന്ന് മനസ്സിലാക്കിയപ്പോൾ യാത്ര കാറിലാക്കാം എന്ന് കരുതി.
അങ്ങനെ,രാവിലെ 10 മണിക്ക് ഉക്കടം ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങിയ ഞങ്ങൾ,സുബ്രഹ്മണ്യന്റെ അനന്തിരവൻ സതീഷ് ഏർപ്പാടാക്കിയ രാജേഷിന്റെ കാറിൽ കോത്തഗിരിയിലേക്കു യാത്ര തിരിച്ചു.
ഞങ്ങളുടെ യാത്രയിൽ സദ്ഗുരു ജഗ്ഗി വാസുദേവ് കോയമ്പത്തൂരിൽ സ്ഥാപിച്ച ഇഷ യോഗാസെന്റർ കാണുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു.അങ്ങനെ ആദ്യം യാത്ര ഇഷയിലേക്ക്.
തമിഴ്നാട്ടിലെ സംഗീത റെസ്റ്റോറന്റ്റ് ചെയ്നിൽ കിട്ടുന്ന കുട്ടി ദോശയും,കുട്ടി ഇഡലിയും,കുട്ടി വടയും,കുട്ടി കാപ്പിയും ഒക്കെ അടങ്ങിയ കോംബോ മിനി ടിഫ്ഫിൻ കഴിക്കണം എന്ന ആഗ്രഹത്തിൽ ഉക്കടത്തു നിന്നും ഞങ്ങൾ ഭക്ഷണം കഴിച്ചില്ല.പക്ഷേ,പോയ വഴിയൊന്നും ഒരു നല്ല വെജിറ്റേറിയൻ ഹോട്ടൽ കാണാത്തതുകൊണ്ട് വിശന്നു വലഞ്ഞപ്പോൾ,വൃത്തിയും വെടിപ്പുമില്ലാത്ത ഏതോ തമിഴന്റെ കടയിൽ നിന്നും ഓരോ നെയ്റോസ്റ്റും കഴിച്ചു യാത്ര തുടർന്നു.
ഉക്കടത്തു നിന്നും ഏതാണ്ട് 30 കിലോമീറ്റർ താണ്ടി ഇഷാ യോഗാ സെന്ററിൽ ഞങ്ങളെത്തിയപ്പോൾ സമയം 12 മണിയോടടുത്തു.ഇഷയിൽ ഏകദേശം രണ്ടു മണിക്കൂർ ചിലവഴിച്ച ഞങ്ങൾ കോത്തഗിരിയിലേക്കു യാത്ര തുടർന്നു.
ഇഷാ യോഗാ സെന്ററിൽ നിന്നും മേട്ടുപ്പാളയത്തെത്താൻ ഏതാണ്ട് 60 കിലോമീറ്റർ സഞ്ചരിക്കണം.4 മണിയോയെടുത്തു ഞങ്ങൾ മേട്ടുപ്പാളയത്തെത്തി.വഴിയിലെവിടെയോ നിന്നും ഭക്ഷണം കഴിച്ചു,ഇളനീർ കുടിച്ചു. രാവില അഞ്ചു മണിക്ക് യാത്ര തുടങ്ങിയ ഞങ്ങൾ നന്നായി ക്ഷീണിതനായിരുന്നു.എങ്കിലും തണുത്ത കാറ്റ് വീശിയടിക്കുന്ന ചെങ്കുത്തായ പശ്ചിമഘട്ട മലനിരകളിൽ കൂടിയുള്ള യാത്ര ആനന്ദദായകം തന്നെയായിരുന്നു. റോഡിന്റെ ഇരു വശത്തും വാനം മുട്ടെ വളർന്നു നിൽക്കുന്ന വന്മരങ്ങളും,പാറക്കെട്ടുകളും,മലകളും ഒക്കെ കൊണ്ട് മനോഹരമാണ് മേട്ടുപാളയം-കോത്തഗിരി പാത.ഇത്രയും ഭയാനകമായ ഉയരത്തിൽ നിറയെ ചക്കകളുമായി നൂറിന് കണക്കിന് പ്ലാവുകൾ ജീവിതത്തിൽ ആദ്യമായി കാണുകയാണ്.പോതുവേ ഒരു ചക്ക പ്രേമിയായ എനിക്ക് പ്ലാവുകളുടെ കുറച്ചു ചിത്രങ്ങൾ പകർത്തണമെന്നുണ്ടായിരുന്നു.പക്ഷേ,ക്ഷീണം മൂലം കാറിൽ നിന്നും ഇറങ്ങാൻ തോന്നിയില്ല.വഴിയിലുടനീളം പലവിധ കാട്ടുമൃഗങ്ങളെ ദൃശ്യമാകുമെന്നു രാജേഷ് പറഞ്ഞെങ്കിലും വാനരക്കൂട്ടങ്ങളെ ഒഴികെ ആരെയും കണ്ടില്ല.ശെരിക്കും,വയനാടൻ ചുരത്തിലൂടെയുള്ള യാത്രയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ചെങ്കുത്തായ ചുരത്തിൽ കൂടി വളഞ്ഞുപുളഞ്ഞുള്ള യാത്ര.
മേട്ടുപാളയത്തു നിന്നും 15 കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാൽ കുഞ്ചപ്പനയിലെത്താം.സമുദ്രനിരപ്പില് നിന്ന് 1783 അടി ഉയരത്തിലുള്ള,പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന് പിന്നെയും 20 കിലോമീറ്റര് സഞ്ചരിക്കണം.പരിചയ സമ്പന്നനായ രാജേഷ്,വഴിയിലുള്ള ഓരോ സ്ഥലങ്ങളെയും പറ്റി ഞങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നു.കോത്തഗിരി വ്യൂ പോയിന്റിൽ നിന്നും താഴേക്കു നോക്കിയാൽ അതി മനോഹരമായ കാഴചയാണ്.ഞങ്ങൾ എത്തുമ്പോഴേക്കും താഴവാരങ്ങൾ ഏകദേശം മഞ്ഞുമൂടി കഴിഞ്ഞിരുന്നു.വ്യൂ പോയിന്റിൽ കുറച്ചുസമയം ചിലവഴിച്ചു ഫോട്ടോകളും ഒക്കെയെടുത്ത ശേഷം ഏതാണ്ട് 6 മണിയോടടുത്തു ഞങ്ങൾ കോത്തഗിരി പട്ടണത്തിൽ എത്തി.സാമാന്യം തരക്കേടില്ലാത്ത,വൃത്തിയുള്ള ഒരു ചെറു പട്ടണം.സന്ധ്യയോടടുത്തപ്പോൾ കാറ്റിനു തണുപ്പ് കൂടിവന്നു.മലകളൊക്കെ മഞ്ഞു മൂടിക്കഴിഞ്ഞു.
കോത്തഗിരിയിൽ നിന്നും 6 കിലോമീറ്റർ യാത്രചെയ്തു ഞങ്ങൾ കൊണവക്കറൈ എന്ന ചെറിയ സ്ഥലത്തെത്തി.ഋതംബര ആശ്രമത്തിലെത്താൻ കൊണവക്കരയിൽ നിന്നും 3 കിലോമീറ്റർ ചെങ്കുത്തായ ഇറക്കമാണ്.ഫോർ വീൽ ഡ്രൈവ് വണ്ടികൾക്കു മാത്രമേ ആ യാത്ര സാധ്യമാകൂ,അതും പരിചയ സമ്പന്നരായ ഡ്രൈവർ ഉണ്ടെങ്കിൽ മാത്രം.
ഋതംബര ആശ്രമത്തിൽ നിന്നും അയച്ച വണ്ടിയും കാത്തു കൊണവക്കറൈയിലെ ഒരു കടത്തിണ്ണയിൽ കുറച്ചു നേരം ഞങ്ങൾ കാത്തു നിന്നു.ചില വളരെ ചെറിയ കടകൾ ഒഴിച്ചാൽ കൊണവക്കരയിൽ വേറെ ഒന്നും തന്നെ ഇല്ല.കാറ്റിനു ശക്തി കൂടി വന്നു.തണുപ്പിനുള്ള വസ്ത്രങ്ങൾ ഒന്നും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല.തണുപ്പും,ക്ഷീണവും കൊണ്ട് വലഞ്ഞ ഞങ്ങൾ വളാഞ്ചേരിക്കാരൻ മണികണ്ഠൻ ചേട്ടന്റെ ഒരു ചെറിയ ചായപ്പീടികയിൽ നിന്നും ചൂടില്ലാത്ത ഓരോ കാപ്പി കുടിച്ചു.30 വര്ഷങ്ങളായി അവിടെ കട നടത്തുന്ന മണികണ്ഠൻ ചേട്ടന് മലയാളികളായ ഞങ്ങളെ കണ്ടപ്പോൾ സന്തോഷമായെന്നു തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബൊലേറോ വണ്ടിയിൽ രഘുവിന്റെ മാനേജർ മഹേഷ് ഞങ്ങളെ തേടിയെത്തി.ഹോട്ടലിൽ മുറിയെടുത്തു താമസിക്കാൻ കാശ് കൊടുത്തു രാജേഷിനെ യാത്രയാക്കി ഞങ്ങൾ ആശ്രമത്തിലേക്കു യാത്ര തുടർന്നു.ചെങ്കുത്തായ താഴ്വാരത്തിലേക്കുള്ള ജീപ്പ് യാത്ര വളരെ ഭീതിപ്പെടുത്തുന്നതായിരുന്നു.വണ്ടിയുടെ മുൻസീറ്റിൽ ഇരുപ്പുറപ്പിച്ച ഞാൻ കൂടുതൽ സമയവും കണ്ണുകൾ ഇറുക്കിയടച്ചു ദൈവത്തെ വിളിച്ചു കൊണ്ടേയിരുന്നു.വണ്ടി ഒന്ന് തെന്നിയാൽ നേരെ എവിടെ ചെല്ലുമെന്നുപോലും അറിയാത്ത താഴ്ചയിലേക്കാണ് വണ്ടി പൊയ്ക്കൊണ്ടിരുന്നത്.പക്ഷേ,വളരെ പരിചയ സമ്പന്നനായ മഹേഷ് അപകടം ഒന്നും ഉണ്ടാക്കാതെ തന്നെ ഞങ്ങളെ കാടിന്റെ ഒത്ത നടുവിൽ പലതട്ടിലായി പരന്നു കിടക്കുന്ന പതിമൂന്നേക്കർ സ്ഥലത്തു ഇലക്ടിക് ഫെൻസിങ് കൊണ്ട് വേർതിരിച്ച അതിമനോഹരമായ ഋതംബരയിൽ എത്തിച്ചു.
വാസ്തു വിദഗ്ധയായ രഘുവിന്റെ ഭാര്യ ശശികല തുർക്കിയിൽ നിന്നും വന്ന കുറച്ചു എഞ്ചിനീയേഴ്സിന് വേണ്ടി ഇന്ത്യൻ വാസ്തു വിദ്യയെപ്പറ്റി ഒരാഴ്ച നീളുന്ന ഒരു പ്രോഗ്രാം നടത്തുന്നുണ്ടായിരുന്നു.അതുകൊണ്ടു തന്നെ ആശ്രമത്തിൽ തിരക്കുണ്ടായിരുന്നു.ഞങ്ങളുടെ വരവും കാത്തു രഘു അവിടെയുണ്ടായിരുന്നു.ഗുരു തുല്യനായ രഘുവിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കുക എന്നത് വലിയ അനുഗ്രഹം തന്നെയാണ്മദ്രാസ് IIT യിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബിഹേവിയറൽ സയന്റിസ്റ്റ്.ജിദ്ദു കൃഷ്ണമൂർത്തി,യോഗയുടെ തലതൊട്ടപ്പനായ കൃഷ്ണമാചാര്യ എന്നിവർക്കൊപ്പം വര്ഷങ്ങളോളം ചിലവഴിച്ച അപൂർവ്വ വ്യക്തിത്വം.യോഗയ്ക്കും,ഇന്ത്യൻ ഫിലോസഫിക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന ഒരു സാധാരണ മനുഷ്യൻ.രഘുവുമായി ഒത്തിരി സമയം സംസാരിച്ചു,ചായയും കുടിച്ചു.ആശ്രമത്തിലെ രാത്രിയിലെ തണുപ്പ് പ്രയാസ്സമായതിനാൽ രഘു രാത്രിയിൽ തന്നെ കോത്തഗിരിയിലെ വീട്ടിലേക്ക് തിരികെ പോയി.
ഋതംബര ആശ്രമത്തിൽ നിന്നും പുറത്തേക്കു നോക്കിയാൽ അതി മനോഹരമായ മലകളും,മരങ്ങളും,തേയിലത്തോട്ടങ്ങളും,അതിനിടയിലൂടെ ഒഴുകുന്ന ഒട്ടനവധി വെള്ളച്ചാട്ടങ്ങളും ഒക്കെ കാണാം.വാസ്തുവിദ്യാ വിദഗ്ദയായ ശശി സ്വന്തമായി രൂപ കൽപ്പന ചെയ്ത തകരം കൊണ്ട് മേഞ്ഞ ചെറിയ ചെറിയ വീടുകളാണ് ആശ്രമത്തിലുള്ളത്.ചെറിയ ജനലുകൾ.കാറ്റ് കടക്കാനുള്ള ദ്വാരങ്ങൾ പോലും ഇല്ല.വെറും സിമന്റിട്ട നിലങ്ങൾ.കട്ടിലും,മേശയും അടക്കം എല്ലാ വീട്ടു സാധനങ്ങളും മുളയിൽ തീർത്തത്.ആശ്രമത്തിലെ ജീവനക്കാർ എല്ലാവരും ദൂരെക്കാണുന്ന മലയിൽ താമസിക്കുന്ന കോത്ത എന്ന ആദിവാസി സമുദായക്കാർ.മല കയറാൻ ഒപ്പം വരാമെന്നും,നല്ല തേൻ കാട്ടിൽ നിന്നും എടുത്തു തരാമെന്നും ഒക്കെ പറഞ്ഞെങ്കിലും സമയക്കുറവു മൂലം പോയില്ല.
ചപ്പാത്തിയും,കറിയും ഒക്കെ കഴിച്ചു,കുളിച്ചു കിടന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞു.വായു സഞ്ചാരമില്ലാത്ത മുറിയിൽ ഉറങ്ങുക എന്നത് എനിക്ക് പണ്ടേ വിഷമമാണ്.അതുകൊണ്ട് നെറ്റടിച്ച ജനലിന്റെ ഒരു പാളി തുറന്നു വെച്ച് ഉറങ്ങാൻ കിടന്നു.രാത്രി വൈകിയപ്പോൾ അതി ശക്തമായി വെള്ളം ജനലിൽ കൂടി അകത്തേക്ക് പെയ്തിറങ്ങുന്നതു കണ്ടു അനിത ഉണർന്നു.ഒപ്പം ഞാനും,അതിശക്തമായ മഴയാണ്.ഇടിയും,മിന്നലും,കാറ്റും.ഇത്ര ഭയാനകമായ മഴയും കാറ്റും ജീവിതത്തിൽ കണ്ടിട്ടില്ല.ചുറ്റുമുള്ള വന്മരങ്ങളിൽ കാറ്റടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഏതോ പ്രേത സിനിമയെ ഓർമ്മിപ്പിക്കുന്നു.പേടിച്ചു പോയ ഞങ്ങൾ ആ ഒറ്റമുറി വീട്ടിൽ കട്ടിലിൽ കയറി പുറത്തേക്കു നോക്കിയിരുന്നു മഴയും കാറ്റും,ഇടി മിന്നലും കണ്ടു .മേൽകൂര അതെങ്ങാനും പറന്നു പോകുമോ എന്ന പേടി ഉണ്ടായിരുന്നു.അടുത്തുള്ള വീടുകളിൽ കിടക്കുന്ന മലയാളികളും,തുർക്കിക്കാരും ഒക്കെ ജീവനോടെ ഉണ്ടോ എന്നറിയാൻ ഒരു മാർഗ്ഗവും മുന്നിലില്ല.ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മഴ മാറി.ഞങ്ങൾ ഉറങ്ങി.
രാവിലെ ഉണർന്നപ്പോൾ ബോംബെക്കാരി മലയാളി മഴയെപ്പറ്റി പരാതി പറയുമ്പോൾ ഇത്ര സുന്ദരമായ മഴ അതിനു മുൻപ് കണ്ടിട്ടില്ലെന്നു തുർക്കിക്കാർ അത്ഭുതപ്പെടുന്നു.മാവിന്റെ ചുവട്ടിൽ വീണുകിടന്ന പച്ചമാങ്ങയെല്ലാം ഒരു രസത്തിനു പെറുക്കി കൂട്ടിവെച്ചു.പ്രഭാതഭക്ഷണവും കഴിഞ്ഞു 11 മണിക്ക് ഋതംബരയോട് വിടപറഞ്ഞു മഹേഷിന്റെ വണ്ടിയിൽ കയറുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി.അവിടെ നിന്നും ഊട്ടി വളരെ അടുത്താണ് എന്ന് പറഞ്ഞു ജീവനക്കാർ ഞങ്ങളുടെ സങ്കത്തിനു ഒന്നുകൂടി ആക്കം കൂട്ടി.
മടക്കയാത്രയിലും ജീപ്പിന്റെ മുന്നിൽ തന്നെ ഞങ്ങൾ ഇരിപ്പുറപ്പിച്ചു.ജീപ്പ് ചെങ്കുത്തായ മലകയറുന്നതു കാണാൻ പേടിപ്പെടുത്തുന്ന ഒരു രസമുണ്ടായിരുന്നു.ഒരു കൂട്ടം കാട്ടു പോത്തുകൾ ഞങ്ങളെ കടന്നു പോയി.ഒരു മിനിട്ടു നേരം വണ്ടി നിർത്തി അവയെ കടന്നു പോകാൻ അനുവദിച്ചു മഹേഷ് വീണ്ടും യാത്ര തുടർന്നു.ചുറ്റിലുമുള്ള എസ്റേറ്റുകളിലേക്കു ജോലിക്കാരെയും നിറച്ചു പോകുന്ന ചെറിയ വാഹനങ്ങൾ ഒഴിച്ചാൽ എല്ലായിടവും വിജനമായിരുന്നു.
പത്തിരുപതു മിനിറ്റിൽ ഞങ്ങൾ കൊണവക്കരയിൽ എത്തി.അവിടെ ഞങ്ങളെ കാത്തു രാജേഷ് വണ്ടിയുമായി നിൽപ്പുണ്ടായിരുന്നു.വണ്ടിയിൽ കയറി കൊണവക്കരയോട് യാത്ര പറഞ്ഞു. കോത്തഗിരിയിലെത്തി തേയിലപ്പൊടിയും വാങ്ങി ചുരമിറങ്ങുമ്പോൾ ചുറ്റിലും നോക്കി.ശെരിക്കും ഭൂമിയിലെ സ്വർഗ്ഗം.ചുറ്റിലുമുള്ള വന്മരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകൾ ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ നേരാനെന്നപോലെ കുളിര്കാറ്റിൽ ഇളകിക്കൊണ്ടിരുന്നു.പച്ചപ്പിനോടും,മലകളോടും,പേരറിയാത്ത കിളിക്കൂട്ടങ്ങളോടുമൊക്കെയായി ആത്മഗതം പോലെ പറഞ്ഞു “ഇനിയും വരും.തീർച്ചയായും,ഒരു ദിവസ്സം തങ്ങാനല്ല.കുറഞ്ഞത് ഒരാഴ്ചയെങ്കിലും…
ലേഖിക : പി.കെ.ഷിബി
[email protected]
എറണാകുളത്തു സ്പി ന ച്ച് എന്ന മാനേജ്‌മെന്റ്റ് കൺസൾട്ടിംഗ് സ്‌ഥാപനം നടത്തുന്ന ഷിബി ഒരു ബിഹേവിയരൽ സ്പെഷ്യലിസ്റ്റും കോര്പ്പറേറ്റ് ട്രെയിനറും ആണ് .യാത്രകളെ ഒരുപാടിഷ്ടപ്പെടുന്നു. ഭാരത്തിലെ എല്ലാ ഗ്രാമങ്ങളും സന്ദര്ശിക്കണം എന്നതാണ് ജീവിത ലക്‌ഷ്യം.